ഗന്ധർവ്വപുരാണം

2015-02-04

"പെരുമാൾ മുരുകൻ ,താങ്കളെ മരിക്കാൻ ഞങ്ങൾ അനുവദിക്കില്ല........."

ബ്ലോഗെഴുത്തിൽ  തൃപ്തി  തോന്നാത്തത്കൊണ്ടാണ്‌ ഞാൻ കുറെ നാളായി ഇത് വഴി വരാത്തത്.ഞാൻ ബ്ലോഗ്‌ എഴുതാത്തത് കൊണ്ട് മലയാളഭാഷക്ക് ഒരു കോട്ടവും സംഭവിച്ചില്ല എന്ന് മാത്രമല്ല,നേട്ടം ഉണ്ടാകുകയും ചെയ്തു.കുറെ ഉദാത്തമായ രചനകൾ ഗർഭത്തിലേ നശി പ്പിക്കപ്പെട്ടില്ലേ ........?

പക്ഷേ, വളരെ നാളുകൾക്ക്‌ ശേഷം ഞാൻ ഇത് എഴുതുന്നത് ഒരു എഴുത്തുകാരൻറെ  മരണവാർത്ത അറിഞ്ഞിട്ടാണ്‌ .മരണമല്ല,ആത്മഹത്യ !!!


എഴുത്തുകാരന്റെ പേര് : പെരുമാൾ  മുരുകൻ .( ഇപ്പോൾ  പി.മുരുകൻ)

സത്യം പറയട്ടെ, ഞാൻ ഈ എഴുത്തുകാരനെ പറ്റി  മുന്പ് കേട്ടിട്ടില്ല.ഇന്ന് വരെ അദ്ദേഹത്തിൻറെ  ഒരു കൃതിയും  വായിച്ചിട്ടുമില്ല.അദ്ദേഹം ഒരു നല്ല എഴുത്തുകാരനാണോ  മോശപ്പെട്ട  എഴുത്തുകാരനാണോ  എന്നൊന്നും പറയാനെനിക്ക് കഴിയില്ല.പക്ഷെ ,ഒരെഴുത്തുകാരന്റെ ആതമഹത്യ ,അത് ഞാൻ വായിച്ചിട്ടില്ലാത്ത ഒരാളാണെങ്കിൽ കൂടി, എനിക്ക് ഞെട്ടലുണ്ടാക്കി .അതുകൊണ്ട് മാത്രമാണ്‌  ഞാൻ ഈ കുറിപ്പെഴുതുന്നത്.

വർഗ്ഗീയത അതിന്റെ സർവഷക്തിയുമെടുത്ത് വിഷം  തുപ്പുന്ന ഈ കാലഘട്ടത്തിൽ,തങ്ങളുടെ ഇഷ്ടക്കേടിനു  പാത്രമാകുന്ന എന്തിനേയും ഉന്മൂലനം  ചെയ്യുക എന്നതാണല്ലോ  'ദൈവത്തിൻറെ  മാനേജർമാരുടെ' രീതി.അത്തരത്തിലൊരു ആക്രമണത്തിന്റെ  ഇരയാണ്  പെരുമാൾ  മുരുകൻ .എതിർക്കാൻ കച്ച കെട്ടി  ഇറങ്ങിയവർക്കൊപ്പം  സ്വന്തം നാടും നാട്ടുകാരും അധികാരവും രാഷ്ട്രീയവും കൈ കോർത്തപ്പോൾ   പാവപ്പെട്ട എഴുത്തുകാരന് മരണമല്ലാതെന്തുണ്ട്  മുൻപിൽ.

ആവിഷ്കാരസ്വാതന്ത്ര്യം  എന്നത് ഉപയോഗിച്ച്  തേഞ്ഞ് പോയ ഒരു വാക്കാണ്‌ .പക്ഷെ ആ വാക്കിനു  ഒരുപാട് മാനങ്ങളുണ്ട്.ജീവിക്കാനും ശ്വസിക്കാനും ഉള്ള സ്വാതന്ത്ര്യം പോലെ ഒന്നാണ്  ആവിഷ്കാരസ്വാതന്ത്ര്യവും.എന്നൊക്കെ അത് ചങ്ങലകളിൽ പെട്ടിട്ടുണ്ടോ,അത് മൂർച്ചയുള്ള ആയുധമായി മാറിയിട്ടുണ്ട്.ചരിത്രത്തിൽ ഉദാഹരണങ്ങൾ  നിരവധി.പക്ഷെ അതിനൊക്കെയും ചാലകശക്തിയായിരുന്നത് എതിർക്കാൻ  തന്റേടം കാട്ടിയ മനുഷ്യമനസ്സുകളായിരുന്നു.

പെരുമാൾ മുരുകനെ മരിക്കാൻ അനുവദിക്കില്ല എന്നുറക്കെ  പ്രഖ്യാപിക്കുന്ന കുറെ തന്റേടികളെ  ഞാൻ കണ്ടു .പ്രതീക്ഷകൾ മരിച്ചിട്ടില്ല ....പുതിയ കാലത്തെ അഭിനവഫാസിസത്തെ നേരിടാൻ  തീർച്ചയുള്ള വാക്കുകളുമായി പോരിനിറങ്ങാൻ  സമയമായി.....

ഞാൻ  പെരുമാൾ മുരുകന്റെ അക്ഷരങ്ങൾ തേടുകയാണ് .ആ വരികൾക്കിടയിലെ 'ചൊടിപ്പിക്കുന്ന' അർത്ഥങ്ങൾ  എനിക്കറിയണം................

"പെരുമാൾ മുരുകൻ ,താങ്കളെ   മരിക്കാൻ  ഞങ്ങൾ അനുവദിക്കില്ല........."

പിൻകുറിപ്പ്‌ :നാമക്കല്ലിലെ  ജീവിതം ദുസ്സഹമായത്കൊണ്ട്  പി .മുരുകൻ  സ്ഥലംമാറ്റത്തിന്  അപേക്ഷ നല്കി.