ഗന്ധർവ്വപുരാണം

2009-07-26

"ജന്മിത്തം കേരളം വിട്ടിട്ടില്ല".

സവർണ്ണമേധാവിത്വം പമ്പയും പെരിയാറും ഒക്കെ കടന്നെങ്കിലും മലയാളികളുടെ മനസാകുന്ന കടലിന്റെ അടിത്തട്ടിൽ അത്‌ പൊടിപിടിച്ച്‌ കിടപ്പുണ്ട്‌. ഞാൻ ഈ പറഞ്ഞത്‌ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ തന്നെയാണ്‌. കാലം ഇത്ര മാറിയിട്ടും നമ്മളിൽ പലരുടേയും മനസ്സിൽ ഏറിയും കുറഞ്ഞും ഒരു ജന്മിയോ അല്ലെങ്കിൽ ഒരു സവർണ്ണനോ ഉറങ്ങിക്കിടപ്പുണ്ട്‌.പട്ടികവർഗ്ഗക്കാരെയും പട്ടികജാതിക്കാരെയും ഒക്കെ ഇപ്പോഴും തരം താഴ്ത്തി കാണാനാണ്‌ നമുക്ക്‌ ഇഷ്‌ടം.

ഇങ്ങനെയൊക്കെ പറയുമ്പോൾ ചിലപ്പോൾ കരുതും പുസ്തകങ്ങൾ വായിച്ചും നെറ്റിൽ ചാറ്റ്‌ ചെയ്തും സമ്പാദിച്ച വിവരങ്ങൾ വിളിച്ച്‌ പറഞ്ഞ്‌ ഞാൻ ആധുനികസമൂഹികപരിഷ്കർത്താവാകാനുള്ള ശ്രമമാണെന്ന്.അതല്ല ചില അനുഭവങ്ങളാണ്‌ എന്നെകൊണ്ട്‌ ഇങ്ങനെ പറയിപ്പിച്ചത്‌.


എന്റെ അമ്മയുടെ കുടുംബം പഴയൊരു ജന്മിത്തറവാടിന്റെ അസ്തിത്വം പേറുന്നുണ്ട്‌.ഞങ്ങൾ ഇളംതലമുറക്കാർക്ക്‌ അന്യമാണെങ്കിലും അമ്മയുടെയൊക്കെ വർണ്ണനകളിലൂടെ ആ ജന്മിപാരമ്പര്യത്തിന്റെ ചില വിദൂരചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്‌.ആ വർണ്ണനകൾ നടത്തുമ്പോൾ അവരുടെ ശബ്ദങ്ങളിൽ പഴമയിലേക്ക്‌ മടങ്ങിപ്പോകാനുള്ള ഒരു വെമ്പൽ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്‌.അവരുടെ ബാല്യ-കൗമാരകാലങ്ങളിലെ കുസൃതികളും കളിതമാശകളുമൊക്കെ ജാതീയമായ വേർത്തിരിവുകൾ കൃത്യമായി പ്രദർശിപ്പിച്ചിരുന്നു.


എന്റെ ബാല്യത്തിലെ ചില ദൃശ്യങ്ങൾ ഓർത്തെടുത്തപ്പോൾ ഒരു കാര്യം ശ്രദ്ധിച്ചത്‌ ആ താഴ്‌ന്നജാതിക്കാരെ സംബോധന ചെയ്യുന്ന രീതിയെക്കുറിച്ചാണ്‌.ചെറുതായിരിക്കുമ്പോൾ ഞങ്ങളെയൊക്കെ പറഞ്ഞ്‌ പഠിപ്പിച്ചത്‌ പ്രായത്തെക്കാൾ മൂത്ത ആൾക്കാരെ ഒരിക്കലും പേരു വിളിക്കരുത്‌ എന്നാണ്‌.'നിങ്ങൾ' എന്ന സംബോധന പോലും അന്ന് ഒരു തെറ്റായി പറഞ്ഞിരുന്നു.എന്തിനധികം പറയുന്നു, സഹോദരങ്ങളെ 'എടാ','എടി' എന്നൊക്കെ വിളിക്കുമ്പോഴും കണക്കിന്ന്‌ തല്ല് ഞാൻ വാങ്ങിയിട്ടുണ്ട്‌.പക്ഷെ എന്നേക്കാൾ പ്രായം ചെന്ന പണിയാളരെ 'മാമാ/മാമി'(തെക്കൻകേരളത്തിൽ അമ്മാവൻ/അമ്മായി എന്നതിന്‌ പകരം ഉപയോഗിക്കുന്നു)എന്ന് വിളിക്കുമ്പോൾ ഞാൻ എന്തോ തെറ്റ്‌ ചെയ്തത്‌ പോലെ അമ്മയൊക്കെ എന്നെ രൂക്ഷമായി നോക്കുമായിരുന്നു.പിന്നീട്‌ ഒറ്റക്ക്‌ വിളിച്ച്‌ നിർത്തി അവരെ അങ്ങനെ വിളിക്കരുത്‌ പകരം പേര്‌ വിളിച്ചാൽ മതി എന്ന് പറയും.അതെന്തിനാ,അവർ എന്നെക്കാൾ മൂത്തതല്ലേ എന്നു ചോദിച്ചാൽ അവർ പണിക്കാരാണെന്നും അവരെ അങ്ങനെ വിളിക്കാനേ പാടുള്ളൂ എന്നും പറയും.അപ്പോൾ ഞാൻ അത്‌ അനുസരിച്ചിട്ടുണ്ടെങ്കിലും എന്റെ മനസ്സിന്‌ അത്‌ അംഗീകരിക്കാൻ കഴിഞ്ഞില്ല.അന്ന് ചോദിച്ച ആ സംശയം ഇന്നും എന്റെ മനസിൽ ഉള്ളത്‌ കൊണ്ടാണ്‌ ഞാൻ ഇത്‌ എഴുതുന്നത്‌.ഇപ്പോൾ ഞാൻ വളർന്നിരിക്കുന്നു.ഞാൻ ഇപ്പോൾ എന്നെക്കാൾ മൂത്ത എല്ലാവരെയും ബഹുമാനത്തോടെ തന്നെ സംബോധന ചെയ്യുന്നു.എന്നെ ആരും തടയാറില്ല.പക്ഷെ ഇപ്പോൾ വളർന്ന് വരുന്ന തലമുറകളും ഇത്തരത്തിൽ വിലക്കുകൾ കേട്ട്‌ വളർന്നാൽ....അവരുടെ ചിന്തകൾ ചിലപ്പോൾ അത്‌ സത്യമായി അംഗീകരിച്ചാൽ.....പിന്നെ അവരെ മാറ്റിയെടുക്കുക എളുപ്പമാവില്ല.ഒരു പുതിയ ജന്മിയുടെ ഉദയമാകും അത്‌.'സംബോധനകൾ' നമ്മുടെ സംസ്കാരത്തിൽ അത്രത്തോളം സ്വാധീനം ചെലുത്തുന്നത്‌ കൊണ്ട്‌ പ്രത്യേകിച്ചും.

ഒന്നു രണ്ട്‌ അനുഭവങ്ങൾ കൂടി പങ്ക്‌ വച്ചോട്ടെ.എന്റെ അപ്പൂപ്പന്റെ തോട്ടത്തിൽ തേങ്ങാവെട്ട്‌ നടക്കുമ്പോൾ ഞാനും ഇടക്ക്‌ ചെന്ന് നിൽകാറുണ്ട്‌.ആ തെങ്ങിൻതോട്ടത്തിന്റെ ഒരു വശത്തായി കുറച്ച്‌ ഹരിജൻ കുടിലുകൾ ഉണ്ട്‌.തേങ്ങാ ഇട്ട്‌ കഴിയുമ്പോൾ ആ കുടിലുകൾ ഓരോന്നിനും ഓരോ തേങ്ങ കൊടുക്കും.അത്‌ വാങ്ങാൻ വേണ്ടി വിനീതഭാവത്തിൽ അവരിൽ ചിലർ വന്ന് നിൽക്കാറുമുണ്ട്‌.പഴയ ജന്മിത്തത്തിന്റെ ഒരു നിറം മങ്ങിയ ചിത്രം.സിനിമകളിൽ കണ്ട്‌ ശീലിച്ച രംഗങ്ങളുടെ ഒരു പുനരാവിഷ്കരണം.

തേങ്ങാവെട്ട്‌ കഴിഞ്ഞ്‌ വരുമ്പോൾ ആ തൊഴിലാളിക്ക്‌ ആഹാരം കൊടുക്കാൻ വാഴയില വെട്ടിക്കൊണ്ട്‌ വരാൻ പറഞ്ഞത്‌ എന്നോടാണ്‌.ഇല വെട്ടി അയാളുടെ മുന്നിൽ കൊണ്ട്‌ വച്ചിട്ട്‌ എന്നിലെ പുരോഗമനവാദിക്ക്‌ തലകുനിച്ച്‌ നടന്ന് പോകാനേ കഴിഞ്ഞുള്ളു.

മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽ തേടി ഇവിടെ വരുന്ന പാവപ്പെട്ട തമിഴരെയും മറ്റും 'പാണ്ടികൾ'എന്ന് വിളിച്ച്‌ ആക്ഷേപിക്കുന്ന 'സവർണ്ണമലയാളി'കളുടെ മനോഭാവവും ഇതിനോട്‌ ചേർത്ത്‌ വായിക്കാം.

NB: 'ഭ്രാന്താലയ'ത്തിലെ ചികിത്സ ഇനിയും തുടരുക:സ്വാമി വിവേകാനന്ദൻ.

3 comments:

  1. സവർണ്ണമേധാവിത്വം പമ്പയും പെരിയാറും ഒക്കെ കടന്നെങ്കിലും മലയാളികളുടെ മനസാകുന്ന കടലിന്റെ അടിത്തട്ടിൽ അത്‌ പൊടിപിടിച്ച്‌ കിടപ്പുണ്ട്‌. ഞാൻ ഈ പറഞ്ഞത്‌ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ തന്നെയാണ്‌. കാലം ഇത്ര മാറിയിട്ടും നമ്മളിൽ പലരുടേയും മനസ്സിൽ ഏറിയും കുറഞ്ഞും ഒരു ജന്മിയോ അല്ലെങ്കിൽ ഒരു സവർണ്ണനോ ഉറങ്ങിക്കിടപ്പുണ്ട്‌.പട്ടികവർഗ്ഗക്കാരെയും പട്ടികജാതിക്കാരെയും ഒക്കെ ഇപ്പോഴും തരം താഴ്ത്തി കാണാനാണ്‌ നമുക്ക്‌ ഇഷ്‌ടം.

    ReplyDelete
  2. മാറ്റം നമ്മളില്‍ നിന്ന് , നമ്മളിലൂടെ പടരട്ടെ ...

    ReplyDelete
  3. ഇപ്പോഴും സാംസ്കാരിക മായി നാം feudal തന്നെ. നാരായണ ഗുരു പ്രസ്ഥാനം ഇതിനെതിരായ കലഹ മായിരുന്നു എങ്കിലും അതും പിന്നീട് ജാതി പ്രസ്ഥാനമായി ചുരുങ്ങി.

    ReplyDelete

ഒരു കമന്റ്‌...................പ്ലീസ്‌!!!!!!!!!!!!!!!!