കൈവഴികൾ
- അനുഭവം (7)
- പ്രതികരണം (5)
- നർമ്മം (2)
- health (1)
- കടങ്കഥ (1)
- കവിത (1)
- ജീവചരിത്രം (1)
- രാഷ്ട്രീയം (1)
ഗന്ധർവ്വപുരാണം
Showing posts with label നർമ്മം. Show all posts
Showing posts with label നർമ്മം. Show all posts
2009-09-30
ഞാനും പോലീസും-2:അമ്പടാ....................
'ഞാനും പോലീസും' കഴിഞ്ഞ ഭാഗത്തിൽ എനിക്ക് പറ്റിയ അക്കിടി വായിച്ചിരിക്കുമല്ലോ അല്ലേ?ഇല്ലെങ്കിൽ ദാ ഇവിടെ ക്ലിക്കുക.
കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞ അനുഭവം വഴിയേ പോയ വയ്യാവേലിയായിരുന്നെങ്കിൽ ഇത്തവണത്തേത് എന്റെ ഒരു ആവശ്യത്തിനിടയിൽ പറ്റിയതാണ്.
പ്രത്യേകിച്ച് ആവശ്യമൊന്നുമില്ലെങ്കിലും എഞ്ചിനീയറിംഗ് പഠനം കഴിയുമ്പോൾ പാസ്പോർട്ട് എടുത്ത് വക്കുന്ന ഒരു ഏർപ്പാട് ഒരു നാട്ടുനടപ്പുപോലെയാണ്.പാസ്പോർട്ട് എടുക്കാതെ നടക്കുന്ന എഞ്ചിനീയർമാർ എന്നു പറഞ്ഞാൽ സ്റ്റെതസ്കോപ്പ് ഇല്ലാത്ത ഡോക്ടറെ പോലെയാണ്.പാസ്പോർട്ട് എടുക്കാനുള്ള ആവേശമൊക്കെ കണ്ടാൽ മൈക്രോസോഫ്റ്റോ ഗൂഗിളോ മറ്റോ അമേരിക്കായിലേക്ക് ചെല്ലാൻ പറഞ്ഞതുപോലെയാണ്.
പഠിക്കുന്ന സമയത്ത് 'സാമൂഹ്യപ്രവർത്തനങ്ങളിൽ' സ്വൽപം താൽപര്യം കൂടിയതുകൊണ്ട് കോഴ്സ് കാലാവധി കഴിഞ്ഞിട്ടും ഒരു എഞ്ചിനീയറിംഗ് ബിരുദധാരിയാവാനുള്ള എന്റെ ആഗ്രഹം പൂവണിഞ്ഞില്ല.പിന്നെ ഗൂഗിളും മൈക്രോസോഫ്റ്റുമൊക്കെ പിന്തിരിപ്പൻ ബൂർഷ്വാമുതലാളിത്തസ്ഥാപനങ്ങളായതുകൊണ്ട് അവിടെയെങ്ങും ജോലിക്ക് കയറാൻ മനസ്സ് (പിന്നെ അവരും) സമ്മതിച്ചില്ല.കാര്യങ്ങൾ ഓഹരിവിപണിയിലെ സൂചിക പോലെ ചാഞ്ചാടികൊണ്ടിരുന്നതുകൊണ്ട് പാസ്പോർട്ട് എന്ന അത്യാവശ്യവസ്തുവിനെക്കുറിച്ച് ഞാൻ ആലോചിച്ചതേ ഇല്ല.
കൂടെ പഠിച്ച കൂട്ടുകാരൊക്കെ പാസ്പോർട്ട് എടുത്തില്ല എന്നറിയുമ്പോൾ എന്നെ ആശ്ചര്യത്തോടെ നോക്കാൻ തുടങ്ങി.നാട്ടുകാരും ബന്ധുക്കളൂം കൂടി ആശ്ചര്യപ്പെടാൻ തുടങ്ങിയത്തോടെ ഞാൻ തീരുമാനിച്ചു, 'എനിക്കും വേണം ഒരു പാസ്പോർട്ട്'.
അങ്ങനെ ആ മഹനീയകർമ്മം ഞാൻ തന്നെ ഏറ്റെടുത്തു.പാസ്പോർട്ട് ഓഫീസിൽ ചെന്ന് എല്ലാം ശരിയാക്കി കൊടുത്തപ്പോൾ അവിടെയിരുന്ന മനുഷ്യൻ പറഞ്ഞു, 'പോലീസ് എൻക്വയറിക്ക് വീട്ടിൽ വരും'.ആയിക്കോട്ടെ ,വന്നോട്ടെ എന്നു വിചാരിച്ച് ഞാൻ വീട്ടിലേക്കു പോയി.
പാസ്പോർട്ടിന്റെ കാര്യം ഞാൻ അന്നു തന്നെ മറന്നു.ഏതാണ്ട് പത്തു ദിവസം കഴിഞ്ഞപ്പോഴുണ്ട് വീട്ടിലേക്ക് ഒരു ഫോൺകോൾ.പോലീസ്‌സ്റ്റേഷനിൽ നിന്നാണ്.എൻക്വയറിക്കു വീട്ടിൽ വന്നപ്പോൾ അയാൾക്ക് എന്നെ കാണാൻ പറ്റിയില്ല .എന്നെ നേരിട്ട് കണ്ട് ഞാൻ ഞാൻ തന്നെയാണോ എന്നു തീർച്ചപ്പെടുത്തണം.സ്റ്റേഷനിലേക്ക് ഒന്നു ചെല്ലണം.വരാം എന്നു ഞാൻ പറഞ്ഞു.
വിളി വന്നപ്പോഴേ അച്ഛൻ പറഞ്ഞു,ഇതു ചിക്കിളി തട്ടാൻ വേണ്ടിയുള്ള ഏർപ്പാടാണെന്ന്.അതുകൊണ്ട് തന്നെ ഒരു ഗാന്ധി ഞാൻ പോക്കറ്റിൽ കരുതിയിരുന്നു.
എന്റെ സ്ഥലം സർക്കിൾ ഇൻസ്പെക്റ്റർ ഓഫീസിന്റെ പരിധിയിൽ വരുന്നതാണ്.ഞാൻ രാവിലേ അവിടെയെത്തി.നാട്ടിൽ നല്ലനടപ്പിനു പേരുകേട്ട ഒരാളായതുകൊണ്ട് എനിക്കു ഇതേവരെ പോലീസ്‌സ്റ്റേഷനിൽ കയറേണ്ടിവന്നിട്ടില്ല(ഒരിക്കൽ കയറി.ആ കഥ പിന്നീട്).അതുകൊണ്ട് ചെറിയൊരു ഭയം ഉള്ളിലുണ്ടായിരുന്നു.നേരെ വാതിൽക്കലെത്തി അവിടെയിരുന്ന സുന്ദരിയായ വനിതാപോലീസിനോട്,ഭയം പുറത്തുകാണിക്കാതെ ഒരു പാൽപുഞ്ചിരി സമ്മാനിച്ച്,കാര്യം പറഞ്ഞു.അവർ അതിനേക്കാൾ നന്നായി ചിരിച്ചുകൊണ്ട് അകത്തുണ്ടായിരുന്ന ഒരു പോലീസുമാമനെ ചൂണ്ടിക്കാണിച്ചു.എന്റെ സൗന്ദര്യത്തിൽ അവർ വീണുവെന്നുകരുതി ഞാൻ അകത്തേക്കുചെന്നു.
ഞാൻ ചെന്നു പോലീസുമാമന്റെ മുൻപിൽ തൊഴുതുനിന്നു.ഒരു കറുത്തിരുണ്ട് ഭീമാകാരമായ രൂപം.ആ കുടവയറിന്റെ വലിപ്പം ഒന്നു കാണേണ്ടതു തന്നെ.പോലീസ് റിക്രൂട്ട്മെന്റിലെ ഫിസിക്കൽ ടെസ്റ്റിനുശേഷം അയാളുടെ ദേഹത്തിന് എന്തെങ്കിലും ഒരിളക്കം തട്ടിയതായി തോന്നിയില്ല.
അദ്ദേഹം എന്നെ ആകെയൊന്നു നോക്കി.ഏതാണ്ടൊരു ഗുണ്ടയെ നോക്കുന്ന പോലെ.പിന്നെ തൊണ്ടയനക്കി ഒന്നു കാറി.പിന്നെ എന്റെ പേരും മറ്റും ചോദിച്ചു.സർട്ടിഫിക്കറ്റൊക്കെ വാങ്ങി പരിശോധിച്ചു.പിന്നെ എന്റെ മുഖത്തു നോക്കി പറ്റില്ല എന്ന മട്ടിൽ തലയാട്ടി.ഇതെന്തു പുകിലെന്നറിയാതെ ഞാൻ എന്റെ നട്ടെല്ലു കുറച്ചു കൂടി വളച്ചങ്ങു നിന്നു.
"മോനേ(മുൻപിലൊന്നുമില്ല കേട്ടോ),ഇതു ശരിയാകില്ലല്ലോ.അഡ്രസ്സിൽ ചെറിയൊരു പ്രശ്നമുണ്ടല്ലോ?"
(സംഗതി ഇതാണ്.ഞങ്ങൾ പുതിയ വീട് വച്ചപ്പോൾ പേരൊന്നു മാറ്റി.പക്ഷേ പോസ്റ്റാഫീസിലും മറ്റു എഴുത്തുകുത്തുകളിലുമൊക്കെ പഴയ പേരു തന്നെയാണ്)
മാമൻ തുടരുകയാണ്,"ഈ അഡ്രസ്സു വച്ച് പാസ്പോർട്ട് തന്നാൽ അതു പ്രശ്നമാകും.നാളെ വേറെ ആരെങ്കിലും നോക്കിയാൽ എന്റെ ജോലി പോകും.സംഗതി സീരിയസ്സാണ്."
ഞാൻ വീടിന്റെ പേരു മാറ്റിയ കാര്യമൊക്കെ പറഞ്ഞുനോക്കി.പക്ഷെ മാമൻ ഒരു വിധത്തിൽ അടുക്കുന്നില്ല.സത്യസന്ധനായ ഒരു പോലീസുകാരൻ ഇതിനൊക്കെ എങ്ങനെ കൂട്ട് നിൽക്കും എന്നൊരു ഭാവമായിരുന്നു അദ്ദേഹത്തിന്.
"എന്തായാലും ഇതു പെട്ടെന്നൊന്നും നടക്കില്ല.ഒരു കാര്യം ചെയ്യ്.രണ്ടു ദിവസം കഴിഞ്ഞ് ഒന്നുകൂടി വന്നു നോക്ക്."
പോലീസ്‌സ്റ്റേഷനിൽ കയറ്റി ഇറക്കി കാര്യം സാധിക്കുക എന്ന സ്ഥിരം പോലീസുബുദ്ധി.അപ്പോൾ പോക്കറ്റ് കാലിയാക്കിയാലേ പറ്റൂ.
'നക്കിത്തരത്തിൽ' മുൻപിൽ നിൽക്കുന്ന ജാതിയിൽ പെട്ടതുകൊണ്ട് പണം കൊടുക്കുക എന്നത് എന്നും എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്.'ഈ പണം കൊണ്ട് അയാൾക്ക് ഒരു ഉപയോഗവും ഉണ്ടാകരുതേ എന്നു പ്‌രാകിക്കൊണ്ട് ഞാൻ നോട്ട് എടുത്തു.കിമ്പളം കൊടുത്ത് മുൻപരിചയമില്ലാത്തതുകൊണ്ട് എങ്ങനെ കൊടുക്കണമെന്ന് അറിയാതെ ഞാൻ നിന്ന് പരുങ്ങി.കയ്യിൽ കൊടുക്കണോ,ചവറ്റുകുട്ടയിൽ ഇടണോ,അതോ ഇനി മുൻവശത്തെ ഏതെങ്കിലും ചായക്കടയിൽ കൊടുക്കണോ?ഒടുവിൽ രണ്ടും കൽപ്പിച്ച് വിറയാർന്ന കൈകൾ കൊണ്ട് ആ നോട്ട് മുൻപിലേക്ക് നീട്ടി.
"എന്തായിത്?" നിഷ്കളങ്കമായ ഒരു ചോദ്യം.കുഴപ്പമായോ എന്നു കരുതി ഞാൻ കൈ പുറകിലേക്ക് വലിച്ചപ്പോൾ നോട്ട് കാണുന്നില്ല.കണ്ണടച്ച് തുറക്കുന്നതിന് മുൻപ് നോട്ട് അപ്രത്യക്ഷമാക്കിയ ആ ഇന്ദ്രജാലക്കാരനെ ഞാൻ ആരാധനയോടെ നോക്കി.ഒന്നു ശിഷ്യപ്പെട്ടാലോ.........?
അതുവരെ ഗൗരവത്തിൽ സംസാരിച്ച മാമൻ സുസ്മേരവദനനായി,കണ്ണുകളിൽ തിളക്കത്തോടെ,ആവേശത്തോടെ,എന്തെന്നില്ലാത്ത സ്നേഹത്തോടെ എന്നോട് പറഞ്ഞു:
"ഇതൊക്കെ സാധാരണ ഉണ്ടാകുന്ന പ്രശ്നങ്ങളല്ലേ?വിവരമുള്ള ആരേലും ഇതൊക്കെ വലിയ പ്രശ്നമാക്കുമോ?മോൻ പൊക്കോ,പേപ്പറൊക്കെ ഞാൻ ശരിയാക്കി അയച്ചോളാം."
എന്താണ് സംഭവിച്ചതെന്നു മനസ്സിലാകുന്നതിന് മുൻപേ ഞാൻ പുറത്തെത്തി.വെളിയിൽ ഇരുന്ന വനിതാപോലീസുകാരി എന്നെ നോക്കി വീണ്ടും ചിരിച്ചു.ആ ചിരിയുടെ അർത്ഥം അപ്പോഴാണ് എനിക്ക് പിടികിട്ടിയത്.
പുലിവാൽക്കഷണം:കൈക്കൂലി വാങ്ങുന്നതും ‘കൊടുക്കുന്നതും’ ശിക്ഷാർഹമാണ്.അതുകൊണ്ട് ഈ കാര്യം ആരോടും പറയല്ലേ........................................
2009-09-04
ഞാനും പോലീസും-ഭാഗം 1
എനിക്ക് പോലീസേമ്മാന്മാരുമായിട്ട് ഇടപെടാനുള്ള അവസരം അധികം ലഭിച്ചിട്ടില്ല.ഇപ്പോഴത്തെ ചെറുപ്പക്കാരുടെ കണ്ണിൽ അതൊരു കുറവായി തോന്നാം.ഞാനും ഒരു ചെറുപ്പക്കാരനാണല്ലോ?സ്വൽപ്പം അടിപിടിയും വാളിത്തരങ്ങളും ഒന്നുമില്ലെങ്കിൽ ഇന്നത്തെ കാലത്ത് വലിയ കുറച്ചിലാണ്.ക്ഷമിക്കുക സഹോദരന്മാരെ,അടിയും വാങ്ങിക്കൊണ്ട് നെഞ്ജും വിരിച്ച്നിൽക്കാനുള്ള ആമ്പിയർ ഇല്ലാത്തത് കൊണ്ട് നമ്മളെ വിട്ടുപിടി.
ഇനി കാര്യത്തിലേക്ക് കടക്കാം.പോലീസുകാരുമായി മൂന്ന് തവണ ഞാൻ നേരിട്ടുള്ള ഇടപാട് നടത്തിയിട്ടുണ്ട്.അതിൽ രണ്ടെണ്ണം ആവശ്യവും ഒന്ന് വഴിയേ പോയ വയ്യാവേലിയും.
വയ്യാവേലിയിൽ നിന്ന് തുടങ്ങാം.
സ്ഥലം പ്രൈവറ്റ് ബസ്‌സ്റ്റാന്റ്.ഞാൻ പഠനമൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ വന്ന് നിൽക്കുകയാണ്.സ്കൂളും കോളേജും ഒക്കെ വിട്ട സമയമായത് കൊണ്ട് ധാരാളം ചെല്ലക്കിളികളും ഉണ്ട്.എന്റെ റൂട്ടിൽ ധാരാളം ബസ്സുണ്ടെങ്കിലും ഞാൻ അൽപം വൈകിയേ വീട്ടിലെത്താറുള്ളൂ.വിശ്രമവേളകൾ സന്തോഷകരമാക്കുക എന്നതാണല്ലോ നമ്മുടെ പോളിസി.പിന്നെ എല്ലാ നിരാലംബകളായ പെൺകുട്ടികളും ശരിയായ ബസ്സിൽ തന്നെയാണോ കയറുന്നത് എന്ന് ശ്രദ്ധിക്കാൻ ഒരാളുള്ളത് ഒരു നല്ല കാര്യമല്ലേ?ഞാൻ ഒരു പരോപകാരിയാണെന്നുള്ളത് മറക്കരുത് എന്നപേക്ഷ.
നയനാനന്ദകരമായ കാഴ്ചകൾ കണ്ട് വെള്ളമിറക്കികൊണ്ട് നിന്നപ്പോൾ, അല്ല!!!, ഈ പരോപകാരം തുടർന്ന് കൊണ്ടിരുന്നപ്പോഴുണ്ട് ഒരു ശബ്ദം.നല്ല ഒന്നാന്തരം ഒരു പാമ്പ്.തെറ്റിദ്ധരിക്കല്ലേ! രണ്ട് കാലിൽ നടക്കുന്ന വിഷമില്ലാത്ത ജാതിയാണ്.ആദ്യമൊക്കെ ചേരയായിരുന്നെങ്കിലും പതിയെ പാമ്പ് പത്തി വിടർത്തി.ബസ്‌സ്റ്റാന്റ് മുഴുവൻ അളന്നെടുത്ത് കൊണ്ട് തെക്ക്-വടക്ക് നടക്കുന്നതിനിടെ പലരേയും വെല്ലുവിളിച്ച് തുടങ്ങി."ആരെടാ എന്നെ നിലക്കു നിർത്താൻ വന്നത്,നീയാണോടാ .........മോനേ", "എന്നെ ആരും മര്യാദ പഠിപ്പിക്കാൻ വരണ്ട കേട്ടോടാ ...............മക്കളേ" തുടങ്ങി ഭരണിപാട്ട്.ഇടക്കിടക്ക് ചില സിനിമാഗാനങ്ങൾ സ്വന്തമായി സംഗീതം നൽകി അദ്ദേഹം സംഗീതത്തിലുള്ള പ്രാവീണ്യവും തെളിയിച്ചുകൊണ്ടിരുന്നു.
ഇതൊക്കെ കണ്ടും കേട്ടും രസിച്ചുകൊണ്ട് നിന്ന ഞാൻ കുറച്ചപ്പുറത്ത് മാറി നിൽക്കുന്ന ഒരു പോലീസേമാനെ കണ്ടു.ഷൈൻ ചെയ്യാൻ ഇതു തന്നെ അവസരം എന്നു ഞാൻ മനസ്സിലാക്കി(ഈ അനീതി കാണുമ്പോൾ ചോര തിളക്കുന്ന പരിപാടിയുണ്ടല്ലോ അതിനു ഈ രംഗത്ത് നല്ല സ്കോപ്പുണ്ട്).വായു വലിച്ചു കേറ്റി മസിലൊക്കെ വീർപ്പിച്ച്, വലിയ ഗമയിൽ ആ പോലീസുകാരന്റെ അടുത്തെത്തിയ ഞാൻ പെൺകുട്ടികൾ എല്ലാം കാണത്തക്കവിധത്തിൽ കൈചൂണ്ടി അൽപ്പം ഉറക്കെ പറഞ്ഞു:"സാർ,ഒരു കള്ളുകുടിയൻ അവിടെക്കിടന്ന് ബഹളമുണ്ടാക്കുന്നു.കുറച്ച് സമയമായി സാർ. എന്തെങ്കിലും ചെയ്യണം".അത് കേട്ട് ആ പോലീസുകാരൻ ‘ഇവനെവിടന്ന് പൊട്ടിമുളച്ചവൻ‘ എന്ന മട്ടിൽ രുക്ഷമായി ഒന്നു നോക്കിയിട്ട് പറഞ്ഞു:"അയാൾ കുറച്ച് കഴിഞ്ഞ് പൊയ്ക്കൊള്ളും.താൻ തന്റെ കാര്യം നോക്ക്".വലിച്ചു കയറ്റിയ കാറ്റ് മുഴുവൻ ശൂ...ശ്..ശൂ....... ചെല്ലക്കിളികൾ കേട്ടോ ആവോ?കേട്ടെങ്കിൽ................................
കർമ്മനിരതനായ ഒരു മനുഷ്യന്റെ ജോലിയിൽ തടസ്സം ഉണ്ടാക്കിയ കുറ്റവാളിയെപ്പോലെ ഞാൻ, പെൺകുട്ടികൾ നിന്ന ഭാഗത്തേക്ക് ഒന്നു നോക്കുകപോലും ചെയ്യാതെ, അടുത്തു വന്ന ബസ്സിൽ ചാടിക്കയറി.അപ്പോൾ പിന്നിൽ നിന്നും ഒരു ശബ്ദം:"ആരെടാ എന്നെ നിലക്ക് നിർത്താൻ വന്നത്,നീയാണോടാ ........... മോനേ".
Subscribe to:
Posts (Atom)